വഴിമാറി ഇന്ത്യയിലേക്ക് കടന്ന പാക് പെണ്‍കുട്ടികള്‍ക്ക് സമ്മാനങ്ങളും മധുരപലഹാരവും നല്‍കി ജവാന്‍മാര്‍
ശ്രീനഗര്‍: നിയ്രന്തണ രേഖ കടന്ന് ഇന്ത്യയിലെത്തിയ പാകിസ്താനി പെണ്‍കുട്ടികളെ സുരക്ഷിതമായി പാകിസ്താന് കൈമാറി ഇന്ത്യന്‍ സൈന്യം. ഇന്നലെ അബദ്ധത്തില്‍ അതിര്‍ത്തി കടന്ന് പൂഞ്ചിലെത്തിയ പാക് സ്വദേശികളായ സഹോദരിമാരെയാണ് ഇന്ത്യന്‍ സൈന്യം പാകിസ്താനിലേക്ക് തിരിച്ചയച്ചത്. രാജ്യത്തിന്റെ അതിഥികളായി ഇവരെ കണ്ടു കൊണ്ട് സമ്മാനങ്ങളും മധുരപലഹാരവും നല്‍കിയാണ് യാത്രയാക്കിയത്.
ചാക്കന്‍ ദാ ബാഗ് ക്രോസിംഗ് പോയിന്റില്‍ വെച്ചാണ് ഇന്ത്യന്‍ സൈന്യം പെണ്‍കുട്ടികളെ പാകിസ്താന് കൈമാറിയതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ഇന്നലെയാണ് നിയന്ത്രണ രേഖ കടന്ന് പെണ്‍കുട്ടികള്‍ ഇന്ത്യയിലെത്തിയത്. പാക് അധീന കശ്മീരിലെ കഹുത തഹ്സിലിലെ അബ്ബാസ്പൂര്‍ സ്വദേശികളായ ലൈബാ ജാബര്‍, സഹോദരി സനാ ജാബര്‍ എന്നിവരാണ് ഇന്ത്യയിലെത്തിയത്.
പൂഞ്ച് സെക്ടറിലെ നിയന്ത്രണ രേഖയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്ന് സുരക്ഷാ സേനയെത്തി ഇവരോട് വിവരം തിരക്കുകയായിരുന്നു. അബദ്ധത്തില്‍ നിയന്ത്രണ രേഖ കടന്നതാണെന്ന് ഇരുവരും വ്യക്തമാക്കി. തുടര്‍ന്നാണ് ഇരുവരെയും തിരിച്ചയക്കാനുള്ള നടപടികള്‍ ഇന്ത്യന്‍ സൈന്യം ആരംഭിച്ചത്.