പിളർപ്പിനും മുന്നണിമാറ്റത്തിനും ശേഷം ഇക്കുറി കുറവിലങ്ങാട് ഇടതു – വലത് മുന്നണികൾ ഇറക്കിയിരിക്കുന്നത് കേരള കോൺഗ്രസിലെ കരുത്തരായ വനിതാ നേതാക്കളെ. പിളർപ്പിന് ശേഷമുള്ള തിരഞ്ഞെടുപ്പിൽ കരുത്തു തെളിയിക്കാനാണ് ജോസഫ്, ജോസ് വിഭാഗങ്ങൾ രംഗത്തുള്ളത്. കേരളാ കോൺഗ്രസ് പാർട്ടികളെ സംബന്ധിച്ച് ശക്തികേന്ദ്രമാണ് കുറവിലങ്ങാട്. ജോസഫ് ഗ്രൂപ്പിലെ സംസ്ഥാന ജനറൽ സെക്രട്ടറി മേരി സെബാസ്റ്റ്യനെതിരെ സംസ്ഥാന ജനറൽ സെക്രട്ടറി നിർമ്മലാ ജിമ്മിയെയാണ് ജോസ് വിഭാഗം കളത്തിലിറക്കിയിരിക്കുന്നത്. യുഡിഎഫിന് മൃഗീയ ഭൂരിപക്ഷമുള്ള കുറവിലങ്ങാട് മേരി സെബാസ്റ്റ്യനാണ് മുൻതൂക്കം. മേരി സെബാസ്റ്റ്യൻ മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റും നിർമ്മലാ ജിമ്മി മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റുമാണ്. മേരി സെബാസ്റ്റ്യൻ കടത്തുരുത്തി പഞ്ചായത്ത് പ്രസിഡൻ്റ് പദവിയും വഹിച്ചിരുന്നു. കുറവിലങ്ങാട് ദേവമാതാ കോളേജിലെ പൂർവ്വ വിദ്യാർത്ഥിയായ മേരി സെബാസ്റ്റ്യന് അവിടെ വലിയ വ്യക്തി ബന്ധമാണുള്ളത്. നേരത്തെ തന്നെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് രംഗത്തിറങ്ങിയ മേരി സെബാസ്റ്റ്യൻ പ്രചാരണത്തിൽ ബഹുദൂരം മുന്നിലാണ്.
കേരള കോൺഗ്രസ് ജോസ് വനിതാ വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി നിർമ്മല ജിമ്മി മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റാണ്.
നിർമ്മല ജിമ്മിക്കെതിരെ പ്രാദേശിക തലത്തിൽ എതിർവികാരമുണ്ട്. കഴിഞ്ഞ തവണ പൂഞ്ഞാർ ഡിവിഷനിൽ പരാജയപ്പെട്ട നിർമ്മലയെ കുറവിലങ്ങാട്ടുകാരുടെ തലയിൽ കെട്ടിവച്ചെന്നാണ് എൽഡിഎഫ് അണികൾ പറയുന്നത്. കുറവിലങ്ങാട് ഇവരെ സ്ഥാനാർഥിയാക്കിയതിൽ കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തിലെ അണികളിലും അതൃപ്തിയുണ്ട്. ജില്ലാ പഞ്ചായത്ത് കുറവിലങ്ങാട് ഡിവിഷനിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾ രണ്ടു പേരുടെയും പ്രതീക്ഷ ജില്ലാ പഞ്ചായത്ത് അധ്യക്ഷപദവിതന്നെ. ലക്ഷ്മി ജയദേവനാണ് എൻ.ഡി.എ സ്ഥാനാർത്ഥി. 2015-ൽ കടുത്തുരുത്തി ഡിവിഷനിൽനിന്ന് മത്സരിച്ച ഇവർ ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റാണ്.