പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധനവ് താങ്ങാവുന്നതിലും ഭീകരമായപ്പോഴാണ് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രിയമേറിയത്.
കാറുകളേക്കാള്‍ ഇലക്ട്രിക് വാഹനങ്ങളില്‍ പ്രിയം സ്‌കൂട്ടറുകളോടാണ്. ഓല, എതര്‍ തുടങ്ങി ഇലക്ട്രിക് സ്‌കൂട്ടറുകളെല്ലാം നിരത്തുകള്‍ കീഴടക്കി കഴിഞ്ഞു.
ഇതിന് പുറമെ സെല്‍ഫ് ബാലന്‍സിംഗ് സ്‌കൂട്ടര്‍ അവതരിപ്പിച്ച് ലിഗറും ഓട്ടോ പ്രേമികളുടെ മനം കവര്‍ന്നിരിക്കുകയാണ്. എന്നാല്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഓടിക്കാന്‍ പ്രത്യേകം ലൈസന്‍സ് ആവശ്യമുണ്ടോ എന്നതാണ് ചോദ്യം.
ഇലക്ട്രിക് സ്‌കൂട്ടറുകളെ രണ്ടായി തരം തിരിക്കാം. ഒന്ന് 250 വാട്ടില്‍ കൂടുതല്‍ പവറുള്ളതും, ഇതില്‍ കുറവ് പവര്‍ ഉള്ളതും. 250W പവറും പരമാവധി വേഗം 25kmph ഉം ആയ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ലൈസന്‍സ് വേണ്ടതില്ല.
അതുകൊണ്ട് തന്നെ 16 വയസ് പൂര്‍ത്തിയായ കുട്ടികള്‍ക്ക് മുതല്‍ ഇത്തരം ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഓടിക്കാനാകും. ഇവയ്ക്ക് നമ്ബര്‍ പ്ലേറ്റും ഉണ്ടാകില്ല.
എന്നാല്‍ 250 വാട്ട് പവറില്‍ കൂടുതലും, 25 kmph ല്‍ കൂടുതല്‍ വേഗതയുള്ളതുമായ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് നമ്പര്‍ പ്ലേറ്റ് ഉണ്ടാകും. ഇത്തരം വണ്ടികള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാണ്. ലൈസന്‍സിനായി ‘8’ എടുക്കേണ്ടി വരും.
എന്നാല്‍ പെട്രോള്‍ വണ്ടി ഓടിച്ച് തന്നെ 8 എടുക്കണമെന്നില്ല. നമ്മുടെ കൈവശമുള്ള ഇലക്ട്രിക് സ്‌കൂട്ടര്‍ ഓടിച്ചും ലൈസന്‍സ് സ്വന്തമാക്കാം. പക്ഷേ ലൈസന്‍സില്‍ ‘ഇലക്ട്രിക് വെഹിക്കിള്‍ ലൈസന്‍സ്’ എന്ന് രേഖപ്പെടുത്തിയിരിക്കും. ഈ ലൈസന്‍സ് കൊണ്ട് സാധാരണ പെട്രോള്‍ സ്‌കൂട്ടര്‍ ഓടിക്കാന്‍ കഴിയില്ലെന്ന് സാരം.