കൊല്ലം കരുനാഗപ്പള്ളിയില്‍ പത്രവിതരണക്കാര്‍ക്കിടിയിലേക്ക് കണ്ടെയ്നര്‍ ലോറി പാഞ്ഞുകയറി ഒരാള്‍ മരിച്ചു. തൊടിയൂര്‍ സ്വദേശി യൂസഫ്(65) ആണ് മരിച്ചത്. മറ്റൊരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ അഞ്ചേകാലോടെ മഹാദേവര്‍ക്ഷേത്രത്തിന് സമീപത്താണ് അപകടമുണ്ടായത്. കടത്തിണ്ണയില്‍ പത്രക്കെട്ടുകള്‍ തരം തിരിക്കുന്നതിനിടെയാണ് പത്രവിതരണക്കാര്‍ക്കിടിയിലേക്ക് കണ്ടെയ്നര്‍ ലോറി പാഞ്ഞുകയറുകയായിരുന്നു. വാഹനം നിയന്ത്രണംവിട്ടുവരുന്നത് കണ്ട് മറ്റുള്ളവര്‍ ഓടിരക്ഷപ്പെട്ടതുകൊണ്ടാണ് വന്‍ ദുരന്തം ഒഴിവായത്.
എറണാകുളം ഭാഗത്തുനിന്നു കാറുകളുമായി കൊല്ലം പള്ളിമുക്കിലേക്കു വരികയായിരുന്ന ലോറി മീഡിയനും സിഗ്നൽ ലൈറ്റുകൾ തകർത്ത് എതിർവശത്തെ കടത്തിണ്ണയിലേക്കു പാഞ്ഞു കയറുകയായിരുന്നു. പത്രവിതരണക്കാരും ഏജന്റുമാരുമാണ് ഇവിടെ ഉണ്ടായിരുന്നത്. ലോറി നിയന്ത്രണം വിട്ടു പാഞ്ഞു വരുന്നതു കണ്ട് മറ്റുള്ളവർ ഓടി മാറിയെങ്കിലും യൂസഫിനെ ഇടിച്ച ലോറി കടയുടെ ഷട്ടറിൽ തട്ടിയാണ് നിന്നത്. രണ്ടു മണിക്കൂറോളം ലോറിക്കിടയിൽ കുടങ്ങിക്കിടന്ന യൂസഫിനെ നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്നു പരിശ്രമിച്ചാണു പുറത്തെടുത്ത് സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ലോറി ഇടിച്ചതിന്റെ ആഘാതത്തിൽ യൂസഫിന്റെ ഒരു കാല് അറ്റുപോയി.
പെട്രോൾ പമ്പിന് തൊട്ടടുത്താണ് അപകടമുണ്ടായത്. അപകടമുണ്ടാക്കിയ ഡ്രൈവർക്കായി തിരച്ചിൽ തുടരുകയാണ്.