വാക്‌സിനായി കാത്ത് കേരളം; മുന്നൊരുക്കങ്ങള്‍ തുടങ്ങി, ഫൈസര്‍ എങ്കില്‍ സംവിധാനങ്ങള്‍ മാറ്റണം
കൊവിഡ് വാക്‌സിന്‍ ഉപയോഗത്തിന് രാജ്യത്ത് തന്നെ അനുമതി കിട്ടും മുമ്പാണ് കേരളത്തിലെ വിതരണം സൗജന്യമായിരിക്കുമെന്ന പ്രഖ്യാപനം. ഫൈസര്‍ വാക്‌സിനടക്കം ഒരു വാക്‌സിനും ഇന്ത്യ ഇതുവരെ അനുമതി നല്‍കിയിട്ടില്ല. പക്ഷെ രാജ്യവും കേരളമടക്കമുള്ള സംസ്ഥാനങ്ങളും വാക്‌സിനായുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. കാലാവസ്ഥാ പ്രത്യേകതയും ചെലവുമാണ് വാക്‌സിന്‍ വിതരണത്തിനുള്ള കേരളത്തിന്റെ പ്രധാന വെല്ലുവിളി.
ലോകത്ത് വിതരണമാരംഭിച്ച ഫൈസര്‍ വാക്‌സിന്‍ സ്വീകരിക്കുന്നതിനുള്ള പ്രധാന തടസ്സവും ഇതുതന്നെ. മൈനസ് 70 ഡിഗ്രിയില്‍ വരെ ശീതീകരിച്ച് സൂക്ഷിക്കേണ്ടി വരുമെന്നതാണ് പ്രശ്‌നം. വാക്‌സിന്‍ എത്തിക്കുന്നതിനും സൂക്ഷിക്കുന്നതിനും വിതരണത്തിനും കേരളത്തില്‍ നിലവിലുള്ള സംവിധാനങ്ങള്‍ മതിയാകില്ല. ഫൈസര്‍ വാക്‌സിന്‍ സൂക്ഷിക്കുന്നതിനായ പ്രത്യേക കണ്ടെയ്‌നറുകള്‍ കൂടി വാങ്ങേണ്ടി വരും. എത്തിക്കാനുള്ള ചെലവും കൂടും.
പരമാവധി മൈനസ് മുപ്പത് ഡി...