Friday, December 13
BREAKING NEWS


രോഗ വ്യാപനം കൂടും, ഒരാഴ്ചക്കിടെ ലക്ഷണങ്ങള്‍ ഉള്ളവര്‍ ശ്രദ്ധിക്കണം, മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

By sanjaynambiar

തെരഞ്ഞെടുപ്പ് കാലം കഴിഞ്ഞതോടെ കൊവിഡ് വ്യാപനത്തിന് സാധ്യതയുള്ളതിനാല്‍ ഒരാഴ്ചക്കിടെ ലക്ഷണങ്ങള്‍ ഉള്ളവര്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജയുടെ മുന്നറിയിപ്പ്. രോഗ വ്യാപനം കൂടാന്‍ സാധ്യതയുള്ളതിനാല്‍ ടെലി മെഡിസിന്‍ ശക്തിപ്പെടുത്താന്‍ ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി. തെരഞ്ഞെടുപ്പിനോടനബന്ധിച്ച പരിപാടികളില്‍ പങ്കെടുത്തവും അവരുമായി ഇടപഴകിയവരും വരുന്ന ഒരാഴ്ചക്കാലം ശ്രദ്ധിക്കേണ്ടതാണ്. പനി, തൊണ്ടവേദന, ജലദോഷം തുടങ്ങിയ ഏത് രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ പോലും നിസാരമായി കാണരുത്.

ഇ-സഞ്ജീവനിയുടേയോ ദിശ 1056ന്റേയോ സേവനം തേടേണ്ടതാണ്. എല്ലാവരും മാസ്‌ക് ധരിക്കുകയും ഇടക്കിടയ്ക്ക് കൈ കഴുകയോ സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കുകയോ വേണം. ഇതോടൊപ്പം സാമൂഹിക അകലവും പാലിക്കണം. വിവിധ സ്പെഷ്യാലിറ്റി വിഭാഗങ്ങള്‍ കൂടാതെ ഇ-സഞ്ജീവനിയിലും കൊവിഡ്-19 ക്ലിനിക്കുകളുടെ സേവനവും ലഭ്യമാണ്. ആരോഗ്യ വകുപ്പിലെ വിദഗ്ദ്ധ ഡോക്ടര്‍മാര്‍ നേതൃത്വം നല്‍കുന്ന സ്പെഷ്യാലിറ്റി ഒപികള്‍ വിവിധ ജില്ലകളില്‍ നിന്നും ആരംഭിച്ചിട്ടുമുണ്ട്. സൈക്യാട്രി, ശിശുരോഗവിഭാഗം, ഹൃദ്രോഗവിഭാഗം, ഗൈനക്കോളജി തുടങ്ങിയ സ്പെഷ്യാലിറ്റി ഒപി സേവനങ്ങള്‍ ഇത്തരത്തില്‍ നല്‍കുന്നുണ്ട്.

എംസിസി തലശേരി, ആര്‍സിസി  തിരുവനന്തപുരം, കൊച്ചിന്‍ കാന്‍സര്‍ സെന്റര്‍, ഇംഹാന്‍സ് കോഴിക്കോട്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബെറ്റിക്സ് തിരുവനന്തപുരം തുടങ്ങിയ കേരളത്തിലെ പ്രശസ്തങ്ങളായ വിവിധ പൊതുമേഖല ആരോഗ്യ സ്ഥാപനങ്ങള്‍ ഒപികള്‍ ഇ-സഞ്ജീവനി വഴിയും ആരംഭിച്ചിരിക്കുന്നു. ഇന്റര്‍നെറ്റ് സൗകര്യമുള്ള മൊബൈലോ ലാപ്ടോപോ അല്ലെങ്കില്‍ ടാബ് ഉണ്ടങ്കില്‍ esanjeevaniopd.in എന്ന സൈറ്റില്‍ പ്രവേശിക്കാം.

ആ വ്യക്തി ഉപയോഗിക്കുന്ന ആക്ടീവായ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചു രജിസ്റ്റര്‍ ചെയ്യുക.തുടര്‍ന്ന് ലഭിക്കുന്ന ഒടിപി നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത ശേഷം പേഷ്യന്റ് ക്യൂവില്‍ പ്രവേശിക്കാം.വീഡിയോ കോണ്‍ഫറന്‍സ് വഴി ഡോക്ടറോട് നേരിട്ട് രോഗ വിവരത്തെപ്പറ്റി സംസാരിക്കാവുന്നതാണ്. ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന് ശേഷം മരുന്ന് കുറിപ്പടി ഉടന്‍ തന്നെ ഡൗണ്‍ലോഡ് ചെയ്ത് മരുന്നുകള്‍ വാങ്ങാവുന്നതാണ്. കൂടാതെ പരിശോധനകളും നടത്താം. സംശയങ്ങള്‍ക്ക് ദിശ 1056 എന്ന നമ്പരില്‍ വിളിക്കേണ്ടതാണ്‌.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!