കോവിഡ് രോഗികള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ജില്ലയില്‍ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ നിയന്ത്രണം കര്‍ശനമാക്കി.മാസ്ക് ധരിക്കാത്തവര്‍ക്കെതിരെയും സാമൂഹിക അകലം പാലിക്കാതെ കൂട്ടംകൂടി നില്‍ക്കുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കും. പത്തു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും 65 വയസ്സിനു മുകളിലുള്ള വയോധികര്‍ക്കും ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ടൂറിസം കേന്ദ്രങ്ങളില്‍ പ്രവേശനം അനുവദിക്കില്ലെന്ന് ജില്ല കലക്ടര്‍ അറിയിച്ചു.
അടുത്തിടെ ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധന വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.വിനോദകേന്ദ്രങ്ങളെല്ലാം തുറന്നതോടെ വാരാന്ത്യങ്ങളില്‍ ആയിരക്കണക്കിന് സഞ്ചാരികളാണ് ജില്ലയിലേക്കെത്തുന്നത്. ടൂറിസം കേന്ദ്രങ്ങളില്‍ ഒരേ സമയം പ്രവേശിപ്പിക്കാവുന്ന സഞ്ചാരികളുടെ എണ്ണം നിയന്ത്രിച്ചിരുന്നെങ്കിലും പാലിക്കപ്പെടുന്നില്ല.പരിശോധന കര്‍ശനമാക്കിയതോടെ ടൂറിസം കേന്ദ്രങ്ങളില്‍ സഞ്ചാരികളുടെ വരവ് കുറഞ്ഞതായി ജീവനക്കാര്‍ പറഞ്ഞു.